സ്വാതന്ത്ര്യ പോരാളി...
ബഷീറിന്റെ ജീവിതം തുടങ്ങുന്നത് തിരുവിതാംകൂറിലെ വൈക്കത്ത് സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിൽ നിന്നുമാണ്. എന്നാൽ ഒരു മുൻ നിശ്ചയവുമില്ലാതെ തന്റെ സുഖജീവിതം ഉപേക്ഷിച്ച് വീട്ടിൽ നിന്നും ഒളിച്ചോടി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുകയാണ് പിന്നീട് ബഷീർ, അപ്പോഴൊന്നും ഒരു സാഹിത്യപ്രതിഭയായി മാറുമെന്ന് ബഷീർ അറിഞ്ഞിരുന്നില്ല. കോഴിക്കോട് ഉപ്പ് സത്യാഗ്രഹം മുതൽ തുടങ്ങി ജയിൽ വാസവും ലേഖനമെഴുത്തും ഭഗത് സിംഗ് മോഡൽ തീവ്രവാദസംഘടനയും അങ്ങനെ നീളുന്നു ബഷീറിന്റെ സ്വാതന്ത്ര സമര പോരാട്ടങ്ങൾ .
യാത്ര
പിന്നീട് ഇന്ത്യ മുഴുവൻ ചുറ്റി നടന്നു , ആ യാത്രയിൽ ഒരു പാട് ജീവിതങ്ങളെ പരിചയപ്പെട്ടു ഹിമാലയത്തിലെ സന്യാസിമാരും സൂഫികൾ വരെ അതിൽ പെടുന്നു. സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാകിയത് വിശപ്പിന്റെ വിലയാണെന്ന് ബഷീർ ലോകത്തോട് വിളിച്ചു പറഞ്ഞു, അങ്ങനെ ജാലവിദ്യ കൊണ്ടും പാചകം കൊണ്ടുമെല്ലാം ജീവിതത്തേ നേരിട്ടു.
*കലയുടെ കലവറയിലേക്ക് ...
അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാണ് ബഷീർ സാഹിത്യ ലോകത്തേക്ക് കാലെടുത്തുവക്കുന്നത് .
ആദ്യ കഥയായ തങ്കം രചിച്ച് പ്രസിദ്ധീകരിക്കാൻ ജയ കേരളം പത്രാധിപരെ കണ്ട് പ്രതിഭലമായി കിട്ടിയ അണകൊണ്ട് നേരെ ഹോട്ടലിലേക്ക് ഓടുകയാണ് ബഷീർ ... ഇവ്വിധം പട്ടിണിയുടെ തീക്ഷണതയിലാണ് അദ്ദേഹം വാർന്നു വന്നത്. അതിനാൽ അതിന്റെ അനുരണങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളെ മെച്ചപ്പെടുത്തിയത്. ബഷീർ കഥകൾ ആദ്യ വായനയിൽ നമുക്ക് തോന്നും എന്നാൽ അത് മനുഷ്യ ജീവിതത്തിന്റെ പ്രശ്നങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ബഷീർ കണ്ടെത്തിയ ആഖ്യാന രീതിയാണ് , അതിന്റെ അർഥം മനസ്സിലാക്കിയവർ അദേഹത്തിനെ പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരൻ എന്ന് വിലയിരുത്തിയപ്പോൾ തിരിച്ചറിയാതുവർ കേവലം ബാലസാഹിത്യകാരനെന്ന് വിധിയെഴുതി. വായന മരിക്കുന്ന കാലത്തും ബഷീർ കൃതികൾ പ്രായഭേദമന്യേ വായിക്കപ്പെടുന്നു എന്നതാണ് യാഥാർത്യം.
സമൂഹത്തിൽ അരികുവൽകരിക്കപ്പെട്ട ജീവിതങ്ങളെ ലോകത്തിന് മുന്നിൽ കൊണ്ടു വരാൻ ബഷീർ തന്റെ കലയെ വഴിതെളിച്ചു. അനാഥത്വം , അസമത്വം, വിശപ്പ്, രോഗം, വ്യഭിചാരം, അസമത്വം, എന്തിന് ട്രാൻസ്ജൻഡർ വിഷയങ്ങൾ വരെ തന്റെ തൂലികയിൽ ആവിഷ്കരിച്ചു. ഒരു മനുഷ്യൻ, ജന്മദിനം, പാവപ്പെട്ടവരുടെ വേശ്യ, ശിങ്കിടി മുങ്കൻ, മുച്ചീട്ടു കളിക്കാരന്റെ മകൾ , ഒരു ഭഗവദ്ഗീതയും കുറേ മുലകളും , സ്ഥലത്തെ പ്രധാന ദിവ്യൻ, ആനപ്പൂട , വിശപ്പ്, ഹുദ്രാപിന ബുസ്സോട്ടോ , ഐഷുക്കുട്ടി, ജീവിത നിലപാടുകൾ, ടൈഗർ, മരണത്തിന്റെ നിഴലിൽ ... അങ്ങനെ എത്രയോ കൃതികളിൽ സ്ഥായീഭാവമായി ഈ ആവിഷകാരത്തെ കാണാനാവും.
അനുഭവങ്ങൾ അതേപടി സ്വന്തം തൂലികയിൽ പടർത്തിയ എഴുത്തുകാരനാണ് ബഷീർ . തന്റെ ജയിലനുഭവങ്ങളെ ആസ്പതമാക്കി രചിച്ച മതിലുകൾ അതിനൊരുദാഹരണം മാത്രം. ബഷീറിന്റെ മറ്റൊരു പ്രത്യേകത സ്വയം എഴുത്തുകാരനാണെന്ന പരിചയപ്പെടുത്തലാണ്. എന്നാൽ ഇത് തീർത്തും നർമ്മം നിറഞ്ഞതാണ്.
ബഷീർ മറ്റു എഴുത്തുകാർ ചെയ്യുന്നത് പോലെ ഗിരി പ്രസംഗകൾ നടത്തിയില്ല. തന്റെ ചിന്തകൾ എവിടെയും കൊട്ടിഘോഷിക്കാതെ തന്നെ വായനയുടേയും എഴുത്തിന്റെയും ആഴങ്ങളിലേക്ക് അതിനെ ചേർത്ത് വച്ചു. അതു കാരണം മലയാളത്തിൽ ബഷീറിനോളം ജനകീയനായ എഴുത്തുകാരൻ പിന്നീട്ഉണ്ടായിട്ടില്ല. ബഷീറിന്റെ കഥകൾ മാനുഷിക മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകളാണ് , ആയതിനാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾക്ക് മരണമില്ല എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.
യാസീൻ മുഹമ്മദ് പെരുമ്പാവൂർ

COMMENTS